Friday, 17 June 2016

കാലാവധി

Valid up to march 31 2016
ആദ്യമായി അവർക്ക് നൽകിയപ്പോൾത്തന്നെ
അവസാന തിയ്യതി കുറിച്ചിട്ട് കൊടുത്ത്
പടിയിറങ്ങിപ്പോവാൻ ഓർമ്മിപ്പിക്കുന്നത് കൊണ്ടാവണം,
ക്യാമ്പസ് തിരിച്ചറിയൽ കാർഡ് പലപ്പോഴും മേനിയിലണിഞ്ഞു കാണാത്തത്..
അവരുടെ നഷ്ടങ്ങളുടെ കണക്കിനേക്കാൾ വലുതാവില്ല
ഒരു ഫൈനും ഫീസും!!

Wednesday, 15 June 2016

ചിത..

എണ്ണയെ വെളിച്ചമായ് പ്രകാശിപ്പിച്ച്
പുകയായ് വായുവിലപ്രത്യക്ഷമാക്കുന്ന
വിളക്കിന്റെ ജാലവിദ്യ എങ്ങനെയാണാവോ....
അറിഞ്ഞിരുന്നെങ്കിൽ ഓർമ്മകളുമായി ഒന്നൊളിച്ചു കളിക്കാമായിരുന്നു...
മിഴിവിളക്ക് കൊണ്ട് മിഴിനീരിനെ പ്രകാശനാളമായ് ജ്വലിപ്പിച്ച്
പതിയെ പുകച്ചുരുളുകളായ് ഓർമ്മകളെ
അപ്രത്യക്ഷമാക്കാമായിരുന്നല്ലോ.....!!




രഹസ്യം..

ഒരു രഹസ്യം പറയട്ടെ..
പ്രകൃതി വിലക്കപ്പെട്ട കാര്യമായതിനാൽ പുറത്തറിയിക്കരുത്..
ഞങ്ങൾ തമ്മിലുള്ള അഗാധസ്നേഹത്തിന്റെയാഴം
നിങ്ങളറിയുമെന്നും..
ഒറ്റു കൊടുക്കുമെന്നുമുള്ള പേടിയാണ്
പരസ്പരം കാണുമ്പോൾ
ആജന്മ ശത്രുക്കളെപ്പോലെ പെരുമാറാൻ
ഞങ്ങളെ പ്രേരിപ്പിക്കുന്നത്...!
                          എന്ന്,
                              ‐കീരിയും പാമ്പും‐

തിര പിരിഞ്ഞു.... തിരി.....?

തിര പിരിഞ്ഞപ്പോൾ,
കരയ്ക്ക്,
ശേഷിച്ചതിൽപ്പാതി ആശ്വാസത്തിന്റെ കണക്കുണ്ടായിരുന്നു....
തിര കോറിയിട്ടു മാഞ്ഞ വിടമൊഴിയിൽ കര വായിച്ചെടുത്ത ബാക്കിപത്രം..
ആർത്തിരമ്പി തിരികെ വന്ന്
പ്രതീക്ഷയുടെ കണക്കുപുസ്തകത്തിൽ
സ്വയം തിരുത്തിയെഴുതുമെന്ന തിരയുടെ ഉറച്ച മൊഴി...

എന്നാൽ,
കടലോളം നോവു ബാക്കിവെക്കാനല്ലാതെ
സ്വയമൊന്ന് പ്രകാശിക്കാൻ പോലും കഴിവില്ലാത്ത
തിരിയുടെ കരിയലിലോ.......?
സ്വയം ആളിക്കത്തി തിരികെയെത്താൻ കഴിയാത്ത
ഈ പിരിയലിന് ആശ്വാസത്തിന്റെ കണക്കുണ്ടോ.....?

തിര പിരിഞ്ഞും.. തിരി കരിഞ്ഞും..
ഒടുവിൽ സ്വയം കരഞ്ഞും.....!!