Saturday, 17 February 2018

വരച്ച വരികൾ....


ജന്മദിനത്തിന്റെ സമാപന നിമിഷങ്ങൾ ആസ്വദിച്ച് "ചുമ്മാ" ഇങ്ങനെയിരിക്കുന്നതിനിടയിലാണ് എന്തെങ്കിലും എഴുതണമെന്ന് ഉള്ളിൽ നിന്ന് ഒരാന്തൽ വീശിയത്...
പുസ്തകവും പേനയുമെടുത്ത് വല്ലതും എഴുതാനിരുന്നപ്പോഴാണോർത്തത്, ഒരുപാടു കാലങ്ങളായി എന്റെ മാത്രമായ എഴുത്തിനെ ഞാൻ പുസ്തകത്തിലെഴുതിയിട്ട്...
ഇതു വരെ പിന്നീടൊന്നും എഴുതിയിട്ടില്ലെന്ന് കള്ളം പറയുവല്ല..
മനുഷ്യരാശിയെ സ്വാധീനിക്കാൻ സാങ്കേതിക‐ശാസ്ത്രത്തിന് ഇത്രയേറെ കഴിഞ്ഞിരുന്നെന്ന് ഇന്നാണെനിക്ക് "വെളിപാടു''ണ്ടായത്... ഈ കൊച്ചെന്താ വലിയ വായിൽ ശാസ്ത്രം പറയുന്നതെന്നൊന്നും വിചാരിച്ചു കളയരുത്.. എനിക്കങ്ങനെ ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ വല്യ പിടിയില്ല.. പിന്നെ പെട്ടെന്നൊരു "ഇത്" വന്നപ്പോ എഴുതി നോക്കിയതാണ്..
എവിടായിരുന്നു പറഞ്ഞു നിർത്തിയേ.. ആ.. വെളിപാട്..
അതെന്താന്നു വെച്ചാൽ ഇത്രേം വലിയ ലോകത്തിൽ നിന്നും ഇത്തിരിപ്പോന്ന "വലിയ'' ലോകത്തിലേക്ക് വഴി തിരിച്ചു വിട്ട ശാസ്ത്രത്തിന്റെ കയ്യാങ്കളിയിൽ പെട്ടു പോയിട്ടുണ്ടല്ലോ ഞാനടങ്ങുന്ന നമ്മളോരോരുത്തരും..
നമ്മുടെ കലണ്ടറുകളെയും വാച്ചുകളെയും എന്തിനു പറയുന്നു ബന്ധങ്ങളെപ്പോലും വാട്ട്സാപ്പിന്റെയും ഫേസ്ബുക്കിന്റെയും ലോകത്തേക്ക് ഒതുക്കി വിട്ടില്ലേ..
അപ്പോൾ പിന്നെ ഞാൻ മാത്രമെങ്ങനെ എഴുത്തിന് വേണ്ടി പുസ്തകം തേടിയെത്തും.. പേന പിടിയ്ക്കുന്ന വിരലുകൾക്കിടയിലെ ആയാസമില്ലല്ലോ "നോട്ട് പാഡു''കളിൽ ചെറുതായൊന്ന് വിരൽത്തുമ്പ് പതിപ്പിക്കാൻ..

എന്തെഴുതണമെന്നെനിക്കറിയില്ല.. വിലക്കുകളുടെ ലോകത്ത് ചിന്തകൾക്ക് പോലും ചങ്ങലയുടെ ഞെരുക്കമുള്ളത് പോൽ.. എങ്കിൽപ്പിന്നെ എന്റെ എഴുത്തിനെയൊന്ന് "എഴുതി'' നോക്കാം...

അരുതുകൾ കൽപ്പിച്ച ലോകത്ത്.. നിലക്കപ്പെട്ട ശബ്ദത്തിന്റെ മറവിൽ ഞാൻ ആർത്തുലക്കാറുണ്ട്.. എന്റെ മാത്രമായ വരികളിലൂടെ...
തല കീഴായ ഈ ലോകത്ത് നേരേ ചൊവ്വേ ചിന്തിക്കാൻ നിസഹായത കൊള്ളുമ്പോൾ, വിലങ്ങുകളുടെ ആക്രോഷങ്ങൾക്കിടയിലും എന്നെ ജീവിക്കാൻ കൊതിപ്പിക്കുന്നുണ്ടീ വിസ്മയം..
അതിനെയൊരു പേരു വിളിക്കണമെനിയ്ക്ക്..
സ്വയമൊരു പേരു ചേർക്കാൻ പേടിക്കേണ്ടതില്ലെന്നെനിക്കറിയാം..
കാരണം Human Communication ൽ പറയുന്നുണ്ടല്ലോ..( ഞാൻ മറക്കാതെ ഓർമിച്ചു വെച്ചത്) Human language is creative and open ended. എന്ന്.. അപ്പോൾ പിന്നെ ഈ തുറന്ന വാതിലിലേക്ക് "മാനുഷിക പരിഗണന" വെച്ച് നമ്മുടെ സംഭാവനയും ആവാമെന്നാണല്ലോ....

ജീവിതം ചില സമയത്ത് സ്വയം തീർപ്പു കൽപ്പിച്ച് എന്നിലേക്കെത്തിയപ്പോഴും,
ഒരിക്കൽ പോലും യാത്ര ചെയ്തിട്ടില്ലാത്ത വിജനവീഥികളിൽ എന്നെ തനിച്ചാക്കിയപ്പോഴും, പരിഭവമില്ലെനിയ്ക്ക്... പരാതിയും..
നന്ദിയാരോടു ഞാൻ...
ഓടിയൊളിച്ച് ഇരുളിന്റെ സംതൃപ്തിയിലേക്ക് രക്ഷപ്പെടാൻ എന്നെ സഹായിച്ചതിന്...
സ്വയം തിരിച്ചറിയാൻ കഴിയാതെ നിന്ന "എന്നെ" എനിക്കു തിരിച്ചു നൽകിയതിന്...
എല്ലാത്തിനും... ഈ നിഴൽ വഴികളത്രയും കൂട്ടിനുണ്ടായിരുന്നു...
അതെന്റെ സ്വാതന്ത്ര്യമാണ്.. ഒരു തരം ഭ്രാന്ത്..
എങ്കിലും മേൽപ്പറഞ്ഞ പേരിട്ടു വിളിക്കുമ്പോൾ ഞാനതിനെ "നിഴൽ സഞ്ചാരി"യെന്നു കുറിക്കും...

അക്ഷരങ്ങളെ ചേർത്തു വെച്ച് വാക്കുകളിൽ തീർത്ത് അഴകോടെ നൃത്തം ചെയ്യിപ്പിക്കുന്ന ഈ ഭ്രാന്തമായ കല!!

റൂമിയോടും ജിബ്രാനോടും ഒടുങ്ങാത്ത പ്രണയം തേകി നിറച്ചു തന്ന എന്റെ ആവേശം...
സൂഫിസവും ആത്മീയതയും തളിർത്ത ചിന്തകളിൽ ചുറ്റുമുള്ള നന്മയെ എന്നിലേക്കാവാഹിപ്പിച്ച പ്രേരണ...
എന്റേതു മാത്രമായ ചെറിയ "വലിയ" ലോകത്തെ കാണിച്ചു തന്ന സ്വപ്നം...
പുസ്തകങ്ങളെയും ഗസലുകളെയും പ്രണയിച്ച് സ്വയം മതി മറക്കാനനുവദിച്ച അത്ഭുതം...
ഇനി.. ഈ പ്രണയ ശകലം വരച്ചു ചേർക്കുന്ന എന്റെ ചിരിയുടെ തെളിവിലെവിടെയെങ്കിലുമൊക്കെ നിങ്ങൾ കണ്ടേക്കാം, നാണം കലരാത്ത ഒരു സംതൃപ്തിയുടെ കണം...
ആ ആവേശമാണ്.. പ്രേരണയാണ്.. സംതൃപ്തിയാണ്.. എന്റെ കവിതാശകലങ്ങൾ...
എന്റെ മാത്രം നിഴൽ സഞ്ചാരികൾ....!

ഒടുവിൽ, എഴുതാനറിയാത്ത ഞാൻ വരച്ചു വരച്ചാണ് ഓരോ കവിതയും പൂർണ്ണതയിലെത്തിച്ചത്...!!!





No comments:

Post a Comment